15-01-2022 തീയതിയിൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധികരിച്ച വൈദ്യുതി ബോർഡിന്റെ അടുത്ത അഞ്ച് വർഷത്തെ മൂലധന നിക്ഷേപ വാർത്തയെ സംബന്ധിച്ചുള്ള വിശദീകരണം

മൂലധന നിക്ഷേപം 2018-22:


സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന താരിഫ് റെഗുലേഷൻ അനുസരിച്ചാണ് കെ.എസ്.ഇ.ബി.എൽ. അതിന്റെ പ്രതീക്ഷിത വരവ്-ചിലവ് കണക്കുകളും താരിഫ് പരിഷ്കരണത്തിനുവേണ്ടിയുള്ള പെറ്റീഷനും ഫയൽ ചെയ്യുന്നത്. ഇതിനു മുന്നോടിയായി ഉൽപ്പാദന, പ്രസരണ,വിതരണ മേഖലയിൽ ഇക്കാലയളവിലേക്ക് ആസൂത്രണം   ചെയ്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങളും പദ്ധതി രൂപരേഖയും കമ്മീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം 2018-19 മുതൽ 2021-22 വരെയുള്ള നാല് വർഷ ക്കാലയളവിലേക്ക് കെ.എസ്.ഇ.ബി.എൽ 12408.175 കോടി രൂപയുടെ പദ്ധതി രേഖ ഫയൽ ചെയ്യുകയും, അതിന്മേൽ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട് . ഈ ഉത്തരവ് പ്രകാരം കമ്മീഷൻ 9373.06 കോടി രൂപ താല്കാലിക അനുമതി നൽകുകയും ഇതിൻ പ്രകാരം 350 കോടി രൂപയാണ് താരിഫ് വർദ്ധനവിൽ പ്രതിഫലിച്ചത്. ഈ തുകയും കൂടി കണക്കിലെടുത്ത് 902.94 കോടി രൂപയാണ് 2019-20-ൽ താരിഫിലൂടെ അധികമായി ഈടാക്കാൻ അനുവദിച്ചത്. അതായത് കഴിഞ്ഞ കൺട്രോൾ കാലയളവിൽ 15 പൈസ മാത്രമാണ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഈടാക്കാൻ അനുവദിച്ചത്  അതിൻപ്രകാരം താരിഫിൽ 902.94 കോടി രൂപ മാത്രമാണ്  ആ കാലയളവിൽ ആസ്‌തി വർദ്ധനവ് അനുവദിച്ച് തന്നത്.


മൂലധന നിക്ഷേപം 2022-27:


ഉത്പാദനം, പ്രസരണം, വിതരണം മേഖലകളിൽ 2022- 27 ആയ അഞ്ചുവർഷ കാലയളവിലേക്ക്   വിഭാവനം ചെയ്ത മൂലധനനിക്ഷേപം 28419.98 കോടി രൂപയാണ്. ഇതിൽ നിന്നും ടി കാലയളവിൽ പ്രതീക്ഷിക്കുന്ന ആസ്തി വർദ്ധനവ് 25890. 32 കോടി രൂപയാണ്. പ്രസ്തുത മൂലധന നിക്ഷേപത്തിന്റെ സിംഹഭാഗം (12123.74 കോടി രൂപ) കേന്ദ്ര ഗവൺമെൻറ് പ്രസരണ, വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ആധുനിക വൽക്കരിക്കുന്നതിനുമായി വിഭാവനം ചെയ്ത് 60% ഗ്രാൻഡ് അനുസരിച്ചു നടപ്പിലാക്കുന്ന (RDSS) പദ്ധതിയിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആയതിനാൽ പ്രസ്തുത തുക താരിഫായി മാറ്റേണ്ട കാര്യമില്ല.RDSS പദ്ധതിയിൽ നിലവിലുള്ള ഇലക്ട്രോണിക് എനർജി മീറ്ററുകൾ പ്രീപെയ്ഡ് സ്മാർട്ട് എനർജി മീറ്ററിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 8200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനും കേന്ദ്ര വിഹിതം ലഭ്യമാവും.  


മൂലധന നിക്ഷേപം 2022-27 സവിശേഷതകൾ:

    1. ഉത്പാദന രംഗത്ത്‌ സംസ്ഥാനത്തിൻറെ ഏറ്റവും വലിയ പദ്ധതിയായ  ഇടുക്കി രണ്ടാം നിലയം. 800 മെഗാ വാട്ട് ശേഷിയുള്ള പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 3062 കോടി രൂപയാണ്. ഇതിൽ 2421  കോടി രൂപ വരുന്ന 5 വർഷ കാലത്തേക്ക് വകയിരുത്തി.  ഇത് ഇടുക്കി ജലസംഭരണിയുടെ ശേഷി അടുത്ത 50 വർഷം ഉപയോഗിയ്ക്കാൻ അനിവാര്യമാണ്.
 
    2. ഇടുക്കി രണ്ടാം നിലയം ഉൾപ്പെടെ 4108 കോടി രൂപ യുടെ 14 ഇതര ജല വൈദുതി പദ്ധതികളുടെ മൂലധനച്ചിലവും ഒഴിവാക്കാനാവില്ല..

    3. .പ്രസരണ വിതരണ ശൃംഖലയുടെ ആധുനികവത്കരണ ശാക്തീകരണ പ്രവൃത്തികൾ, സ്മാർട്ട് പ്രീപെയ്‌ഡ്‌ മീറ്ററുകൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്കായുള്ള 12123 കോടിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതി.  ഇതിലൂടെ 2% പ്രസരണ-വിതരണ നഷ്ടം കുറച്ച് 2000 കോടി രൂപ മിച്ചം പിടിക്കാനുള്ള ലക്ഷ്യമുണ്ട്.

    4. ആഭ്യന്തര പ്രസരണ ശൃംഖലയുടെ ശാക്തീകരണ പ്രവൃത്തികൾക്കായി 2624 കോടിയുടെ ട്രാൻസ്‍ഗ്രിഡ് പദ്ധതി.  പ്രസരണനഷ്ടം 2% കുറക്കാനുതകുന്ന പദ്ധതി.

    5. സബ്‌സ്റ്റേഷനുകളുടെ നിർമ്മാണം / ആധുനികവത്കരണത്തിനായി 2052 കോടി രൂപ.  വിതരണ ശൃംഖലയുടെ ആധുനീകരണം ഒഴിവാക്കാനാവില്ല.

ലഭ്യമായ ഗ്രാന്റുകൾ മറ്റ് ഫണ്ടുകൾ എന്നിവ (11811.69 കോടി രൂപ) ഒഴിവാക്കുമ്പോൾ വരുന്ന അഞ്ച് വർഷത്തേക്ക് പ്രതീക്ഷിക്കുന്ന ആസ്തി വർദ്ധനവ് 14078.63 കോടി രൂപയാണ്. അതായത് പ്രതിവർഷം ശരാശരി 2815.73 കോടി രൂപയാണ് ചിലവിടുക.  ഈ ആസ്തിയുടെ പലിശ, തേയ്മാനം, പ്രവർത്തന പരിപാലന ചിലവുകൾ മുതലായ ചിലവുകൾ താരിഫിൽ കൂടി ഈടാകേണ്ടതാണ്. ഇതു 5 വർഷം കൊണ്ട് മാത്രം യൂണിറ്റിന് 2.33 രൂപ യുടെ വർദ്ധനവാണു പ്രതീക്ഷിക്കുന്നത്.

എന്നാൽ പ്രസ്തുത ആസ്തി വർദ്ധനവ് കാരണം ഉണ്ടാകുന്ന നേട്ടങ്ങളായ വൈദ്യുതി വാങ്ങൽ ചിലവിൽ ഉണ്ടാകുന്ന കുറവ്, അധിക വൈദ്യുതി വിൽപ്പന മുതലായവ കണക്കിലെടുത്താൽ മേൽ സൂചിപ്പിച്ച വർദ്ധന നിരക്ക് ഇനിയും ഏറെ കുറയാൻ സാദ്ധ്യത ബോർഡ് കാണുന്നു.  അങ്ങനെ വരുമ്പോൾ ആസ്തി നിക്ഷേപം മൂലം 1 മുതൽ 1.5 രൂപയുടെ പ്രായോഗിക വർദ്ധനയാണ് അഞ്ചു വർഷം കൊണ്ട് ഉണ്ടാകാനിടയുള്ളത്.  

പ്രസരണ നഷ്ടം രണ്ടു ശതമാനം കുറയുമ്പോഴുള്ള ലാഭം ബോർഡിന് ലഭിക്കാനും സാധ്യത തെളിയുന്നു.  വൈദ്യുതി ഉത്പാദന / പ്രസരണ ശേഷി എന്നിവയുടെ ആവശ്യമായ വികാസത്തിനുതകുന്ന നിക്ഷേപങ്ങൾ ഒഴിവാക്കാൻ കഴിയുന്നവയല്ല.  അവ കമ്മീഷൻ അനുമതിയോടെ നിർബന്ധമായും മത്സരാധിഷ്ഠിത പദ്ധതി / ടെൻഡർ മുഖാന്തിരം നടപ്പാക്കേണ്ടതുണ്ട്.

17/01/2022                                                                                                                                                                                       ചെയർമാൻ & മാനേജിംഗ് ഡയറക്ടർക്കു വേണ്ടി

                    
                                                                                                                                                                                                                      പബ്ലിക് റിലേഷൻസ് ഓഫീസർ