മൂലമറ്റം അപകടം - റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2011 ജൂണ്‍ 20 ന് മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉണ്ടായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ബോര്‍ഡ് നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു.

ജൂണ്‍ ഇരുപതാം തീയതി വൈകുന്നേരം 5.40 ന് അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ ലൈറ്റ്നിംഗ് അറസ്റ്ററും സര്‍ജ് കപ്പാസിറ്ററും സ്ഥാപിച്ചിരുന്ന പാനലില്‍ ഉണ്ടായ സ്ഫോടനത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മെറിന്‍ ഐസക്ക്, സബ് എഞ്ചിനീയര്‍ കെ.എസ്. പ്രഭ എന്നിവര്‍ക്ക് ഗൂരുതരമായി പൊള്ളലേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് അവര്‍ മരണമടയുകയും ചെയ്തു.

പാനലിനുള്ളിലെ സര്‍ജ് കപ്പാസിറ്ററും തുടര്‍ന്ന് സര്‍ജ് അറസ്റ്ററും പൊട്ടിത്തെറിച്ചത് മൂലമാണ് അപകടമുണ്ടായതെന്ന് സമിതി കണ്ടെത്തി. ഇവ പൊട്ടിത്തെറിക്കാനുള്ള വിവിധ സാഹചര്യങ്ങളുടെ സാധ്യതാ വിശകലനം കമ്മിറ്റി നടത്തിയിട്ടുണ്ട്. സുരക്ഷാ നിയമങ്ങള്‍, ഉപകരണങ്ങളുടെ പരിപാലനം, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ചെയ്യേണ്ടുന്ന സാധാരണ പ്രവര്‍ത്തികള്‍, ഉപകരണങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന റിലെയുടെ പ്രവര്‍ത്തനങ്ങള്‍, പരിക്കേറ്റവര്‍ക്ക് കൃത്യസമയത്ത് പ്രാഥമിക ശുശ്രൂഷയും തുടര്‍ന്ന് വൈദ്യചികിത്സയും നല്‍കുക എന്നിവയെല്ലാം കുറ്റമറ്റ രീതിയിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

 റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍

* പവര്‍ഹൗസിലെ വിവിധ ഉപകരണങ്ങളുടെ റെസിഡ്യുവല്‍ ലൈഫ് അനാലിസിസ് പഠനം എത്രയും പെട്ടെന്ന് നടത്തി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതാണ്. അതിനു മുമ്പായി തന്നെ സര്‍ജ് അറസ്റ്റര്‍, സര്‍ജ് കപ്പാസിറ്റര്‍ തുടങ്ങിയ ചില പ്രധാനപ്പെട്ട ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കണം.

* ജനറേറ്റര്‍ സര്‍ക്കിളുകളില്‍ പ്രത്യേകമായി ആധുനിക പരിശോധനാ സംവിധാനങ്ങളോടുകൂടി പവര്‍ എക്വിപ്മെന്റ് ടെസ്റ്റിംഗ് സബ് ഡിവിഷന്‍ സ്ഥാപിക്കണം.

* ഭൂഗര്‍ഭ നിലയമായ പവര്‍ഹൗസിനുള്ളിലെ വായു സഞ്ചാരവും അതിന്റെ ഗുണനിലവാരവും കൃത്യമായി പരിശോധിക്കുന്നതോടൊപ്പം എയര്‍ കണ്ടീഷനിംഗ് സംവിധാനം ആധുനികവല്‍ക്കരിക്കുകയും വേണം. ജീവനക്കാരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പവര്‍ ഹൗസിനുള്ളിലെ ഷിഫ്റ്റ് ഡ്യൂട്ടി സമയം ആറു മണിക്കുന്നത് പരിഗണിക്കണം.

* തീ പിടുത്ത സാധ്യതയുള്ള പാനലുകളിലും ഉപകരണങ്ങളിലും പ്രത്യേകമായ സംരക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.

* എല്ലാ ജീവനക്കാര്‍ക്കും കൃത്യമായ ഇടവേളകളില്‍ സമഗ്രമായ പരിശീലനം നല്‍കുകയും അത് വിലയിരുത്തുകയും വേണം. പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനം എല്ലാ ജീവനക്കാര്‍ക്കും നല്‍കുകയും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആരോഗ്യ-സുരക്ഷാ-പരിസ്ഥിതി ഉദ്യോഗസ്ഥനെ നിയമിക്കുകയും വേണം.

* പവര്‍ ഹൗസിനുള്ളിലെ അഗ്നിസുരക്ഷാ സംവിധാനം ആധുനികവല്‍ക്കരിക്കണം.

റിട്ട. ബോര്‍ഡംഗം കെ. രാധാകൃഷ്ണന്‍, റിട്ട. ചീഫ് എഞ്ചിനീയര്‍ ജി. ബാലചന്ദ്രന്‍, കെ.എസ്.ഇ.ബി. സേഫ്റ്റി കമ്മീഷണര്‍ സാംസണ്‍ വര്‍ഗ്ഗീസ് എന്നിവരായിരുന്നു അംഗങ്ങള്‍.

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍

18-07-2011ലെ പത്രക്കുറിപ്പ്

Licensed Under CC BY-SA 2.5 IN. Designed and maintained by KSEB IT Regional Unit,Kozhikode